2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

ഒമാന്‍ ഓണത്തിന് പായസം വച്ച കഥ.

നമ്മളും കലക്കും ന്റെ മോനെ ഈ ഓണത്തിന്,ഈ ഡയലോഗ് എന്റെ വക ആയിരുന്നു.പക്ഷെ കലക്കിതു ???

ഒരു നാലു കൊല്ലം മുന്‍പ്‌ എന്റെ ആദ്യ ഒമാന്‍ ഓണത്തിനോട് അനുബന്ധം ആയാണ് ഈ ഡയലോഗ്. മറു വശത്ത് മിസ്റ്റര്‍ സുവിന്‍ . രണ്ടു പേരും സമപ്രായക്കാര്‍, കല്യാണം എന്ന തൊന്തരവിന്റെ സുഖം അറിയാത്തവര്‍.സ്ഥലം റുവി സ്റാര്‍ തിയേറ്റര്‍ വരാന്ത.രണ്ടു പേരുടെയും ഒരു കയ്യില്‍ Rothmans സിഗരറ്റ്, മറു കയ്യില്‍ ഒമാന്‍ ദേശീയ പാനീയം Mountain Dew.

അപ്പൊ ഒരു ചിന്ന ഫ്ലാഷ് ബാക്ക്

ഓണം ചര്‍ച്ച കൊടുമ്പിരികൊള്ളുകയാണ്.

കള്ളുകുടി എന്ന സ്ഥിരം ആഘോഷ ഫോര്‍മാറ്റിനു പകരം വക്കാന്‍ വേറെ ഒരു സംഭവവും ഇത് വരെ ആരും കണ്ടു പിടിക്കാത്തത് കൊണ്ടും,  മേല്പറഞ്ഞത്‌ എത്ര ആയാലും തീരെ  മുഷിയാത്തത്  കൊണ്ടും അതിന്റെ കൂടെ കുറച്ചു ക്രിയേറ്റീവ് ആയി ഈ ഓണത്തിന് എന്ത് ചെയ്യാം എന്നാണ് ഞങ്ങള്‍ടെ ചര്‍ച്ച അജന്‍ഡ.

അമ്പല ദര്‍ശനം,പൂക്കളം, സദ്യ,ഓണപ്പാട്ട് (സ്വാഭാവികമായി വന്നു ഭാവിച്ചോളും) ഇമ്മാതിരി ഒരു കലക്ക് ആയാലോ.ഞാന്‍ ചോദിച്ചു 
തീരെ മുഷിയില്ല  എന്നാണു ടിയാന്‍ സുവിന്‍ന്റെ  മറുപടി.
അപ്പൊ പരിപാടികളില്‍ തീരുമാനം ആയി, ഒന്ന് രണ്ടു സുഹൃത്തുക്കളെയും വിളിക്കാം എന്ന് പ്ലാന്‍ ചെയ്തു പരിപാടി ഒന്ന് കൊഴുക്കണ്ടേ. അതിനു നമ്മള്‍ മാത്രം പോര എന്ന അഭിപ്രായത്തില്‍ ഞങ്ങള്‍ക്ക് മറിച്ച് ഒരു അഭിപ്രായം ഉണ്ടായില്ല.അങ്ങനെ ഞങ്ങളുടെ സര്‍ഗ വാസനകള്‍ ആയി ചേര്‍ന്ന് നില്‍ക്കുന്ന ഒന് രണ്ട് പേരെ കൂടി വിളിക്കാന്‍ ഉറപ്പിച്ചു.

  ഇനി സദ്യക്ക് എന്തെരു ചെയ്യും സുവിന്റെ ഒടുക്കത്തെ തിരുവന്തോരം സ്ലാങ്ങ്,
 സ്ലാങ്ങ് എന്തായാലും അവന്‍ പറയുന്നതില്‍ കാര്യം ഉണ്ട്.
 സദ്യ വേണം, എങ്കില്‍ അത് ഹോട്ടലിന്നു പാര്‍സല്‍ കിറ്റ്‌ വാങ്ങാം  ഞാന്‍ പറഞ്ഞു.
 അത് നടക്കൂല മോനെ ഓണത്തിന് വച്ച് ഉണ്ടാക്കി തന്നെ തിന്നണം,
 തിന്നാന്‍ നമ്മള്‍ റെഡി പക്ഷെ  ആരു വക്കും പുന്നാര മോന്‍ പറ അവസാന പുക ഊതി ഞാന്‍ നിര്‍ത്തി . 
 അതിനു നമുക്ക്‌ കുക്ക് അണ്ണനെ പൊക്കാം. സുവിന്‍  അവസാന പുക എടുത്തു പറഞ്ഞു .

  കുക്ക് അണ്ണന്‍ ..........

 കുക്ക് അണ്ണന്‍ വരുമോടെയ്‌ ???? ഞാന്‍ ചോദിച്ചു

 ചോദിയ്ക്കാന്‍ കാരണം ഉണ്ട് കുക്ക്അണ്ണന്‍   എന്ന് പറഞ്ഞാല്‍ ഒരു സംഭവം ആണ് സംഭവം എന്ന് പറഞ്ഞാല്‍ ഒരു മാതിരി മീന്‍ കറിയിലെ കൊടംപുളി പോലെ ആണ് ആളു (നിറം ആണ് ഉദേശിച്ചത് എന്ന് കരുതരുത്‌ നിറവും  നൂറു ശതമാനം സെയിം ആണ് )  സ്റാര്‍ തിയറ്ററിനുള്ളിലെ  കോഫീ ഷോപ്പിലെ എല്ലാ കറികള്‍ക്കും, വടകള്‍ക്കും, മുന്നിലും പിന്നിലും  എല്ലാം  ബലിഷ്ട്ടമായ ആ കയ്കള്‍ ആണ്.അതെ ആ വടകള്‍ക്കും കറികള്‍ക്കും പകരം വക്കാന്‍ ഇനി വേറൊന്നു ഇല്ല.

 കൂട്ടത്തില്‍ ഒരു ഉപകഥ പറയാം  പണ്ട് ഒരു ദിവസം ഈ കുക്ക്അണ്ണനെ വേറെ ഒരു ഹോട്ടലില്‍ കൊണ്ട് പോയി കുറച്ചു പിള്ളാര്‌  ചെലവ് കൊടുത്തു ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോ കൈ കഴുകി അങ്ങേരു നിറകണ്ണോടെ പറഞ്ഞ ഡയലോഗ് ഇങ്ങനെ ആണ് മ്മടെ മൊതലാളി കൊണാപ്പന്‍ മര്യാദക്ക് സാധനങ്ങള്‍ വാങ്ങി തന്നാല്‍ ഞാനും ഇത് പോലെ അടിപൊളി ആയി ഒക്കെ വക്കും മക്കളെ, ഏത് മനസ്സിലായല്ലോ .സംഭവം.

 എന്ത് റിസ്ക്‌ എടുത്തും അങ്ങേരെ സമ്മതിപ്പിച്ചു സദ്യക്കുള്ള  സാധന ലിസ്റ്റ്  നാളേക്ക് വാങ്ങിക്കാം സുവിന്‍ ഉറപ്പു പറഞ്ഞു.

അപ്പൊ ഇനി എവിടെ വച്ച് സദ്യ ഉണ്ടാക്കും ??? അടുത്ത ചോദ്യം വായുവില്‍ ഉയര്‍ന്നു.
പക്ഷെ ഉത്തരത്തിന് പകരം വേറെ കുറച്ചു ചോദ്യങ്ങള്‍ ആണ് ഉണ്ടായതു
ഡേയ് ഈ സദ്യ ഉണ്ടാക്കാന്‍ അത്യാവശ്യം പാത്രങ്ങള്‍, ഗ്യാസ്,മിക്സി ഇതൊക്കെ വേണ്ടേ അളിയാ ??
വേണം അളിയാ ഞാന്‍ പറഞ്ഞു
അപ്പൊ പിന്നെ ഇതൊക്കെ ഇപ്പൊ  നിന്റെ റൂമില്‍ അല്ലെ ഉള്ളൂ നമുക്ക്‌  അവിടെ തന്നെ  അങ്ങ് കൂടാം.
 ഓണാഘോഷം വേണ്ട എന്ന് വച്ചാലോ എന്ന് ആലോചിച്ച നിമിഷം ആയിരുന്നു അത് .എന്നാലും മനസ്സിനു  കടിഞ്ഞാണിടാന്‍ ഞാന്‍ പണ്ടേ പുലി ആയതു കൊണ്ടു ഓണാഘോഷം ക്യാന്‍സല്‍ ആയില്ല.

 ഇപ്പൊ  നിങ്ങള് കരുതും ഞാന്‍ ഉഗ്രന്‍ സെറ്റ്‌അപ്പില്‍  ആണെന്ന്.

അല്ലേ  അല്ല  അളിയനും പെങ്ങളും നാട്ടില്‍ ഓണം കൂടാന്‍ പോയതാണ് ആ റൂമില്‍ ആണ് ഞാനും.
 അപ്പൊ ആ ഒരു ഗ്യാപ്പ്‌ ഉണ്ടല്ലോ ആ ഗ്യപില്‍ ആണ് ഇവന്‍ ആപ്പ് വച്ചത്, അതാണ് സംഭവം.അല്ലാതെ എന്റെ   കയ്യില്‍ ഒരു ഗ്യാസും  ഇല്ല അന്നും ഇന്നും.

അങ്ങനെ എല്ലാം സെറ്റപ്പ് ആക്കി ഓണതലെന്നു കുക്ക് അണ്ണന്റെ ലിസ്റ്റ് പ്രകാരം  സാധനങ്ങള്‍ എല്ലാം വാങ്ങി.

 രാവിലെ എണീറ്റ് കുളിച്ചു കുറി തൊട്ടു  വണ്ടി ഇല്ലെങ്കിലും ഞങ്ങള്‍ ഈശ്വര ചിന്ത കാരണം  നടന്നു അമ്പലത്തില്‍ പോയി

തീരെ  തിരക്കില്ലാതെ നല്ലോണം തൊഴുതു.

 ഓണത്തിന്  തിരക്ക് വയ്കുന്നേരം ആണത്രേ, എന്താ ചെയ്ക ഇനി വയ്കുന്നേരം നമുക്ക് വീണ്ടും നടക്കാന്‍ പറ്റില്ലല്ലോ അതിനുള്ള അവസ്ഥയില്‍ ആകില്ലല്ലോ അതാണ് സത്യം.അങ്ങനെ ഈ നടത്തം വേസ്റ്റ് ആയി.

പട്ടു സാരികളും, മുല്ല പൂവിന്റെ മണവും, കേരള ആന്റികളും മനസ്സില്‍ മിന്നി മറഞ്ഞു ദീര്‍ഗ നിശ്വാസത്തോടെ മനസ്സില്‍ കുറിചു.

"ഇവിടത്തെ ആദ്യ ഓണം അല്ലെ അടുത്തതിനു തെറ്റ് പറ്റില്ല വയ്കുന്നേരം കാലേ കൂട്ടി പോകാം."

റൂമില്‍ വന്നു പൂക്കളം ഇട്ടു.അത് ഒരു ചടങ്ങ് മാത്രം ശേഷം ഞാനും സുവിനും  അവന്റെ ഒരു കൂട്ടുകാരനും കൂടി കുക്ക് അണ്ണനെ കാത്തിരിക്കയാണ്. പറഞ്ഞ സമയത്ത് തന്നെ അങ്ങേരു വന്നു. ഡ്രസ്സ്‌ മാറി കൈലി ഉടുത്തു അടുക്കള ഭരണം ഏറ്റെടുത്തു.

കറി സാധനങ്ങള്‍ അരിഞ്ഞു  കൊടുക്കുന്ന പണിയാണ് ഞങ്ങള്‍ക്ക്.ഓരോന്നിന്റെയും വലിപ്പം അങ്ങേരു സാമ്പിള്‍ അരിഞ്ഞു കാണിച്ചു തന്നു, വലിപ്പം ശരി ആയില്ലെങ്ങില്‍ കറി ഒരു ഗുമ്മാവില്ല എന്നൊരു ഡയലോഗും ആളു കാച്ചി .
കാളന്‍, അവിയല്‍. ഓലന്‍, അച്ചാര്‍, തോരന്‍ , സാമ്പാര്‍, പരിപ്പ്, പാല്‍പായസം, രസം.എല്ലാം ഒന്നിന് പുറകെ ഒന്നായി അടുപ്പത് കയറാന്‍ തയാര്‍ ആവുകയാണ്. ഒന്നിന് പുറകെ ഒന്നായി ഒരു മാതിരി അന്തിമാളന്‍ കാവില്‍ വെടി പൊട്ടും പോലെ.അരിയുന്നതിനും തെങ്ങ ചിരകുന്നതിനും, വയ്ക്കുന്നതിനും എല്ലാം  ഒരു ഉഷാര് വരുന്നതിനു രാജകീയം ആയി  മാനിന്റെ (royal stag)തല കൊത്തിയ  കുപ്പിയില്‍ നിന്നും ഓരോ ഉശിരന്‍ പിടിപ്പിച്ചാണ് ഞങ്ങള്‍ ഇരിക്കുന്നത്.

അതിനിടയില്‍ ഷാബിതും കൂടുകാരനും വന്നു. രംഗം കൊഴുക്കാന്‍ തുടങ്ങി, വിഭവങ്ങളുടെ മണത്തോടൊപ്പം ശുദ്ധ സംഗീതവും വായുവില്‍ ഉയരാന്‍ തുടങ്ങി.

  അങ്ങനെ രംഗം കൊഴുത് കൊണ്ടിരിക്കുമ്പോള്‍ അടുക്കളയില്‍ നിന്നും ഒരു കരച്ചില്‍ ശബ്ദം.
 ഇംഗ്ലീഷ് A പടം ഓടുന്ന തിയേറ്ററിലെ ബഹളത്തിനിടെ  ബിറ്റ് സീന്‍ വന്ന പോലെ പെട്ടെന്ന് നിശബ്ദരായി ഞങ്ങള്‍.

 അതെ അത് കൂക്കിന്റെ ശബ്ദം തന്നെ

ഞങ്ങള്‍ ചെന്ന് നോക്കിയപ്പോ അങ്ങേരു ഫോണും കയ്യില്‍ പിടിച്ചു വലിയ വായില്‍ നില വിളിക്കുന്നു.  ബാക്ഗ്രൌണ്ട്  സ്കോര്‍ ആയി പാല്‍ പായസവും, സാമ്പാറും തിളയ്ക്കുന്ന നനുത്ത ശബ്ദവും.

എന്താ കുക്ക് അണ്ണാ കോറസ് ആയാണ് ചോദ്യം പൊങ്ങിയത്.

ഒന്നും ഇല്ലടാ മക്കളെ എന്റെ മോള്  ഫോണ്‍ വിളിച്ചതാ  ഈ ഓണത്തിനും അച്ഛന്‍  ഉണ്ണാന്‍ വരില്ലേ എന്ന് ചോദിച്ചു,ഞാന്‍ കരഞ്ഞു പോയെടാ മക്കളെ.

 കുടിച്ച മാനിന്റെ തലകള്‍ എല്ലാം തലയില്‍ നിന്നും പറന്നു പോയ നിമിഷം ആയിരുന്നു അത്.ആശ്വാസ വചനങ്ങള്‍ക്ക്‌ അവിടെ സ്പേസ് ഇല്ല എന്ന് മനസ്സിലാക്കിയ ഞങ്ങള്‍ ഒന്നും ഉരിയാടാതെ പരസ്പരം നോക്കാതെ ദുഖം മാറ്റാന്‍ പുതിയ കുപ്പിക്ക് പിടി ഇട്ടു .

പിന്നെ കുറച്ചു നേരത്തേക്ക് അടൂരിന്റെ പടം ഓടുന്ന തിയേറ്റര്‍ പോലെ ആയിരുന്നു രംഗം. ഈ സീന്‍ തുടരുന്നത് ഇഷ്ട്ടപെടാതിരുന്ന ഞങ്ങള്‍ പുറത്തു ടെറസ്സില്‍ ഇറങ്ങി  വിഷമങ്ങളെ പുകയാക്കി ഊതി നീക്കി.

ഇനിയും കഥ നീണ്ടാല്‍ നിങ്ങള്‍ എന്നെ മേടയും അത് കൊണ്ട് അമല്‍ നീരദ്‌ സ്റ്റൈല്‍ മാറ്റി ഷാജി കൈലാസ്‌ മോഡലില്‍ ക്യാമറ ഞാന്‍ ക്ലൈമാക്സ്‌ സീനില്‍ വക്കാന്‍ പോകുകയാണ്.

സദ്യ റെഡി കുക്ക്അണ്ണന്‍  പറഞ്ഞു. ഇനി എനിക്ക് ഒന്നും കുളിക്കണം എന്ന് പറഞ്ഞു അങ്ങേരു ബാത്ത് റൂമില്‍ പോയി. അങ്ങേരു തിരിച്ചു വരുമ്പോഴേക്കും നമ്മള്‍ ഉത്സാഹിച്ചു കറികള്‍ എല്ലാം പാത്രങ്ങളില്‍ എടുത്തു ഇലയും ഇട്ടു ഇരുന്നു.


 ഇവിടെ ആണ് കഥയുടെ ട്വിസ്റ്റ്‌ കൂക്ക്അണ്ണന്‍ കുളി  കഴിഞ്ഞു ഡ്രസ്സ്‌ മാറി വന്നു,  ഒരു ഗ്ലാസ്സില്‍ മാന്‍ തല കമഴ്ത്തി വെള്ളം കൂട്ടാതെ പിടിപ്പിച്ചു. പിന്നെ  ഒന്നും മിണ്ടാന്‍ നില്‍ക്കാതെ ഡോര്‍ തുറന്നു ഒരൊറ്റ പോക്കാണ് പുറത്തേക്കു.  ഞങ്ങള്‍ എത്ര വിളിച്ചിട്ടും നിന്നില്ല.  പടികള്‍ ഓടി  ഓടി ഇറങ്ങി അങ്ങേരു പോയി, എത്ര വിളിച്ചിട്ടും നിന്നില്ല, പിന്നാലെ  പോയി പിടിച്ചു കൊണ്ട് വരാവുന്ന കോലത്തില്‍ അല്ല ഞങ്ങളും.

ഞങ്ങള്‍ കുറെ ട്രൈ ചെയ്തപ്പോ അങ്ങേരു ഫോണ്‍ എടുത്തു  പറഞ്ഞു , 
ഇല്ലെടാ മക്കളെ ഞാന്‍ ഇല്ല എനക്ക് ഈ ഓണം കൂടാന്‍ വയ്യ  ...........

ഈ ഒരു അവസ്ഥ എന്ന് പറയുന്നത് എങ്ങനെ ആണ് ഞാന്‍ വിവരിക്കുക, പരസ്പരം മിണ്ടാതെ ഗ്ലാസ്സുകള്‍ കാലി ആക്കുക എന്ന ഒരു കടമ മാത്രമേ ഞങ്ങള്‍ അപ്പോള്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്നുളൂ.

വീണ്ടും ഒരു പുക ഊതു നടത്താന്  ഞങ്ങള്‍ ടെറസ്സിലേക്ക്  പോയി. കുടുംബം കുട്ടികള്‍ ഈ വക പൊല്ലാപ്പുകള്‍ ഉണ്ടെങ്കില്‍ മര്യാദക്ക് ഓണം കൂടാന്‍ പോലും പറ്റില്ല അത് കൊണ്ടു, നമ്മളാരും കല്യാണം എന്ന പന്ന ബോറന്‍ ഏര്‍പ്പാടിന് ഇല്ല എന്ന നടക്കാത്ത ഉഗ്ര പ്രതിജ്ഞ നടത്തിയാണ് തിരിച്ചു റൂമില്‍ കയറിയത്.

കുറെ സമയത്തെ നിശബ്ധതക്ക് ശേഷം യാന്ത്രികമല്ലാതെ ഉള്ള വിശപ്പിന്റെ വിളി എല്ലാവരുടെ ഉള്ളില്‍ നിന്നും ഉയര്‍ന്നപ്പോള്‍ ചോറും കറികളും ഇലകളില്‍ നിറഞ്ഞു, മോളുടെ ഫോണ്‍ വന്ന ദുഃഖത്തില്‍ ഇതെല്ലം ഒരുക്കി തന്നു ഉണ്ണാന്‍ നില്‍ക്കാതെ പോയ കുക്ക്അണ്ണന് മനസ്സില്‍  സാമ്പാറില്‍ മുക്കിയ ഓരോ ഉരുള ചോറ് കൊടുത്തു.

    ശേഷം ഓരോരുത്തരും ഓണത്തിന്റെ ആദ്യ ഉരുള ചോറ് വായില്‍ വച്ചു

  എല്ലാരും പരസ്പരം നോക്കി വായില്‍ വച്ച ചോറ് എടുത്തു ഇലയുടെ തുമ്പത്ത് ബലി ചോറ് പോലെ തിരിച്ചു വച്ചു .

  പിന്നെ  ഓരോ കറികളും രുചിച്ചു നോക്കാന്‍ തുടങ്ങി സാമ്പാറില്‍ അച്ചാര്‍  പൊടി തട്ടിയത് പോലെ ഇനി വേറെ   എതിലെങ്ങിലും???

  ഇല്ല ഒന്നിലും ഇല്ല ആശ്വാസം ആയി

  ഡേയ് പായസം കൂടി നോക്കെടെയ്‌ സുവിന്‍ പറഞ്ഞു,

 പായസം ഗ്ലാസില്‍ എടുത്തു വായില്‍ ഒഴിച്ച ഷാബിത്  അമറി.

 ഓന്റെ മാമന് ഉപ്പും കച്ചോടം  ആണോടാ മസ്കറ്റില്   . ഈ കണ്ട ഉപ്പ് മുയുമാനും പായസത്തില്‍ കലക്കാന്‍  ..................................................
       അനുസാരികള്‍ ആയി അവിടെ  കൂട്ടത്തില്‍ ഉയര്‍ന്നു വന്ന മണിപ്രവാളം ഇവിടെ ഇപ്പൊ കുറിക്കുന്നില്ല.

 ഒരാള്‍ കുറച്ചു മുന്‍പ് വെള്ളം തൊടാതെ മാന്‍ ദ്രാവകം അടിച്ചു, ഇറങ്ങി പോയതിന്റെ കാരണം ഞങ്ങള്‍ക്ക് അപ്പോഴാണ് മനസ്സിലായത്‌.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
      ഉപ്പിട്ട പായസവും, അച്ചാരു പൊടി ഇട്ട സാമ്പാരുമായി എന്റെ ആദ്യ പ്രവാസ ഓണം ഞങ്ങള്‍ സന്തോഷത്തോടെ  ആഘോഷിച്ചു ...

4 അഭിപ്രായങ്ങൾ:

Pradeep Nair പറഞ്ഞു...

ഓണ കഥ എങ്ങനെ .പറഞ്ഞിട്ട് പോകു .

വെള്ളിക്കുളങ്ങരക്കാരന്‍ പറഞ്ഞു...

ഉപ്പിട്ട പായസവും, അച്ചാരു പൊടി ഇട്ട സാമ്പാരുമായി എന്റെ ആദ്യ പ്രവാസ ഓണം ഞങ്ങള്‍ സന്തോഷത്തോടെ ആഘോഷിച്ചു ...ആഘോഷിക്കുന്നെങ്കില്‍ ഇതുപോലെ തന്നെ തകര്‍ക്കണം..!!

ajith പറഞ്ഞു...

ഉപ്പിട്ട പായസം...ഹഹ, കൊള്ളാം

അജ്ഞാതന്‍ പറഞ്ഞു...

sadya tharakedu illarunnu,..ttoo