2011, മാർച്ച് 8, ചൊവ്വാഴ്ച

ദാസന്‍ അഥവാ ദാസുട്ടി

ആരാധകരുടെയും,ഫാന്‍സ്‌ അസോസിയേഷന്‍കാരുടെയും ശല്യം ഭയങ്കരം തന്നെ..രാത്രി ഒന്നുറങ്ങാന്‍ പോലും പറ്റില്ലെന്ന് വച്ചാല്‍ എന്ത് ചെയ്യും... സത്യം പറഞ്ഞാല്‍ പേടിച്ചാണ് നേരം ഇല്ലാത്ത നേരം ഉണ്ടാക്കി ഞാന്‍ ഇതിനു തുനിയുന്നത്. ഏത്,

ഈ പോസ്റ്റിനു ...

അടുത്ത ആഴ്ച പുതിയ പോസ്റ്റ്‌ ഇട്ടില്ലെങ്കില്‍ ഞാന്‍ നിരാഹാരം തുടങ്ങും എന്ന് പറഞ്ഞ ആ ആരാധികയെ പേടിച്ച്...വല്ല കത്തും എഴുതി വച്ച് നിരാഹാരം നടത്തി എന്തേലും സംഭവിച്ചാ പിന്നെ ഈ ബൂലോകത്തിലെ എല്ലാ അവന്മാരും,അവളുമാരും കൂടി എന്റെ മേല് കുതിര കളിക്കും എന്നറിയാം .അങ്ങനെ ഇപ്പൊ നിങ്ങള്‍ക്കൊക്കെ കൂടി വധിക്കാന്‍ ഞാന്‍ നിന്ന് തരില്ല...എന്നാ പിന്നെ ചെറുത് ഒരെണ്ണം അങ്ങട്ട് കാച്ചാം ന്ന്‍ കരുതുന്നു നാം ...ആ കുട്ടിടെ ജീവന്‍ കാത്തുന്നുള്ള ഒരു സമാധാനും കിട്ടും,ഏത് ..(നിങ്ങടെ സമാധാനം പോയല്ലേ)..

സംഭവം നടന്നത് മ്മടെ നാട്ടില്‍ തന്നെ ..ഇത് വായിക്കാന്‍ തോടങ്ങുന്നതിനു മുന്‍പ്‌ നിങ്ങള് ഒരു ഉപകാരം ചെയ്യണം മനസ്സില്‍ ഒരു 80 കാലഘട്ടം (ബ്ലാക്ക്‌ & വൈറ്റ് വേണ്ട കളര്‍ ആയിക്കോട്ടെ) കൊണ്ട് വരിക,കൂടെ ഹൈസ്കൂളില്‍ പഠിക്കുന്ന 2 ചെക്ക്ന്സിന്റെ രൂപങ്ങളും അതും ട്രൌസര്‍ ഇട്ടത്, എന്നിട്ട് ഇവര്‍ക്ക്‌ ദാസന്‍,വീരാന്‍ എന്നിങ്ങനെ പേരും കൊടുക്കുക .ഇവരാണ് ഈ കഥയിലെ പാത്രങ്ങള്‍ ...ഈ പറഞ്ഞ ടീംസ് ഒരു വേലിക്ക്‌ അപ്പുറം ഇപ്പുറം വീട് കെട്ടിയ രണ്ട് വ്യത്യസ്ത അച്ഛന്‍മാരുടെയും വ്യത്യസ്ത അമ്മമാരുടെയും പിള്ളാരാണ് ..ഒരു വേലിക്ക്‌ അപ്പുറം ഇപ്പുറം ആകുമ്പോ ഒന്നുകില്‍ ഇവര്‍ക്ക്‌ റാഫിമെക്കാര്‍ട്ടിന്‍ പോലെ ദാസവീരാന്‍ ആകാം. അടേം,ചക്കരേം ആയാലും അഡ്ജസ്റ്റ്‌ ചെയ്യാം. അല്ലെങ്കില്‍പ്പിന്നെ പിണറായി – വി.എസ് പോലെയും ആകാം. വേലി അതിര്‍ത്തിവേലിയോ നിയന്ത്രണരേഖയോ(തെറ്റ് തിരുത്തല്‍ അയാളും കൊള്ളാം) ആക്കാം, എന്തായാലും ഇവര്‍ തിരഞ്ഞെടുത്തത്‌ രണ്ടാമത്തെ വഴി തന്നെ ആയിരുന്നു ..സ്വാഭാവികം .

ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ഇനി കാര്യത്തിലേക്ക് കടക്കാം അല്ലെ??? (ഒന്ന് പറയെടോ പുല്ല്)

അതെ തുടങ്ങാം, എന്തിനും ഈ ദാസ-വീരാന്മാര്‍ തമ്മില്‍ മത്സരം ആയിരുന്നു അല്ല യുദ്ധമായിരുന്നു ..എന്തിനും എന്ന് പറഞ്ഞാല്‍.

കോട്ടചാടി കളിക്കാന്‍ , ഗോട്ടി കളിക്കാന്‍ , മീന്‍ പിടിക്കാന്‍, മൂത്രിക്കുമ്പോ കൂടുതല്‍ നീളത്തില്‍ എത്തിക്കാന്‍, കുളിക്കാതിരിക്കാന്‍, സ്കൂളി പോകാതിരിക്കാന്‍, ,അച്ഛനേം അമ്മേനേം തെറി വിളിക്കാന്‍, ലീലാവതിക്ക് പൂവ് കൊടുക്കാന്‍ (അവള് ഇവന്മാരെ രണ്ടിനേം ഉസ്ക്കി വാസുട്ടന്റെ ഒപ്പം പോയത്‌ വേറെ കഥ),തിന്നാന്‍, പിന്നെ തൂ... ഛെ അതിനും കൂടി ഇവര് തമ്മില്‍ മത്സരം ആയിരുന്നു ന്നാ പറയണത്‌ ...മിക്കവാറും എല്ലാറ്റിനും ഗപ്പടിക്കുന്നത് വീരുട്ടി ആയിരുന്നു...തോറ്റു കഴിഞ്ഞാ ദാസുട്ടി ഉടന്‍ തന്നെ അപ്പൊ അടുത്ത പാട്ട് മത്സരത്തിന് കാണാം ഇനി എന്ന ജഗതി ഡയലോഗ് കാച്ചി വീട്ടില്‍ വന്നു അച്ഛന്റെ കൂടെ വെട്ടിമലര്‍ത്തു കളിക്കും..

ഇവന്മാരുടെ ഈ മുതിര-മോര് പോലുള്ള സ്വഭാവം നാട്ടിലെ എല്ലാവര്‍ക്കിടയിലും നല്ല പ്രസിദ്ധം ആയിരുന്നു, അത് കൊണ്ടുതന്നെ നാട്ടുകാര്‍ മുതല്‍ എന്തിനു വീട്ടുകാര്‍ പോലും ഇത് സൌകര്യത്തിനു മോതലാക്കിയിരുന്നു..

ഉദാഹരിച്ചാല്‍..

ഇപ്പൊ വയ്കുന്നേരം ദാസുട്ടി ചൊറികുത്തി വീട്ട്ന്റെ കൊലയില്‍ കെടക്കണ നേരത്ത് അമ്മ പറയും

ദാസാ പോയി പശൂന് ഇത്തിരി പുല്ല് അറിഞ്ഞിട്ടു വാടാന്നു..

ദാസുട്ടി അപ്പൊ തന്നെ നല്ല ബോസ് സ്പീക്കറില്‍ നിന്ന് വരണ ബാസ് ശബ്ദത്തില്‍ റിപ്ലെ കാച്ചും

നിന്റെ കേട്ട്യോനോട് പോയി പറയ്‌..എനിക്കൊറക്കം വന്നിട്ട് വയ്യ അപ്പോളാ ഒരു പുല്ലു പറി ...

നന്റെ അച്ഛനെ കൊണ്ട് പറപ്പിച്ചിട്ടുണ്ട് ഞാന്‍ പുല്ല് പിന്നല്ലടാ നീയ്‌ ..ഇപ്പൊ ശര്യക്കി തരാട്ടോ ന്ന് മനസ്സി പറഞ്ഞു അമ്മ കല്യാണി ഉടന്‍ അടുത്ത ഡയലോഗ് കാച്ചും

അപ്പറത്തെ വീട്ടിലും ഉണ്ടല്ലോ ഇത് പോലെ ഒരെണ്ണം അവനേ ഇന്ന് 5 കെട്ട് പുല്ലാണ് ഒറ്റക്ക് അരിഞ്ഞു കൊണ്ടന്നു പശുനു കൊടുത്തത്‌ ..ഇവടെ ഒരുത്തന്‍ ഉണ്ട് അവന്റെ കയ്യിന്നു കിട്ടണത് വാങ്ങികെട്ടാനായിട്ട്..

എന്തും സഹിക്കും ദാസുട്ടി പക്ഷെ അവനുമായി കംപയര്‍ ചെയ്ത് തരം താഴ്ത്താന്‍ നോക്കുന്നത് മാത്രം വച്ച് പൊറുപ്പിക്കില്ല ...അതും സ്വന്തം ലോക്കല്‍ കമ്മിറ്റിയില്‍ തന്നെ ഉള്ള തരം താഴ്ത്തല്‍ ...

ഈ അക്രമത്തിനു പ്രതികാരം ഒന്ന് മാത്രം????

ഒരു നിമിഷം പാഴാക്കാതെ ദാസുട്ടി ഓടി. പിന്നെ അര മണിക്കൂറിനുള്ളില്‍ ഒരു ചാക്ക് പുല്ല് തലയിലേറ്റി വന്ന്‍മുറ്റത്ത്‌ ഇട്ടതിനുശേഷം മാത്രമായിരുന്നു അടുത്ത ഡയലോഗ് ..

ഡി..പൂയ്‌ ..ഇങ്ങട്ട് വന്ന്‍ നോക്കടി മിറ്റത്ത് കടക്കണ ഒരു ചാക്ക് പുല്ലാണോ അതോ അവന്റെ 5 കേട്ടാണോ വലുതെന്നു പറയെടി തള്ളേ...

നീയ്‌ നിന്റെ അച്ഛനെക്കാള്‍ വല്ല്യേ പൊട്ടന്‍ തന്നെ ..എന്ന് മനസ്സില്‍ കരുതി

കല്യാണി പറഞ്ഞു

നീയന്നെടാ കേമന്‍ അവന്‍ വെറും അശു ....വീരാനല്ല അവന്‍ കീരാനാ, എന്റെ കുട്ടിടെ അടുത്ത് (ഇത് അടവ് നയം)

ഇത് മതി നമ്മുടെ ദാസുട്ടിക്ക് വയര്‍ നിറയാന്‍..

ഇനി മറ്റേ പൊട്ടന്‍ വീരാന്റെ ഇത് പോലുള്ള കഷ്ട്ടപ്പാടുകള്‍ ഇപ്പൊ പറയുന്നില്ല കാരണം പ്രധാനപെട്ട വേറെ സംഭവം പറയാന്‍ ഉണ്ട് ..

ഒരു ശനിയാഴ്ച രാവിലെ പതിവ് പോലെ ദാസുട്ടി വെള്ളച്ചോറും,കാന്താരി മുളകും കൂടി ഉള്ള ബ്രേക്ക്‌ഫാസ്റ്റ്‌ കാത്ത്‌ അടുക്കളയില്‍ ഇരിക്കുമ്പോ ആണ് സംഭവത്തിന്‌ ആരംഭം

ദാസുട്ടിടെ അമ്മ പറഞ്ഞു

ഡാ വേഗം വാ റേഷന്‍ഷാപ്പില്‍ പോയി മണ്ണെണ്ണ,പഞ്ചാര, അരി ഒക്കെ വാങ്ങണം ..
വന്നിട്ട് വെള്ളച്ചോറു തിന്നാം ..ആ കീരാന്‍ പോയിട്ടുണ്ട് അവന്റെ മുന്നേ മ്മക്ക് പോയി സാധനം വാങ്ങി വരണം

ലാസ്റ്റ്‌ വന്ന ആ ഒരൊറ്റ ഡയലോഗിനു മാത്രം ദാസുട്ടിടെ ജീവാത്മാവും പരമാത്മാവും ആയ വെള്ളച്ചോറു പോലും ഉപേക്ഷിക്കാന്‍ ഉള്ള ഊര്‍ജ്ജം ഉണ്ടായിരുന്നു.വെള്ളച്ചോറു തിന്നാതെ ന്റെ പട്ടി വരും എന്ന് പറയാന്‍ തൊടങ്ങിയ ദാസുട്ടി പിന്നെ ഒന്നും മിണ്ടിയില്ല.കന്നാസും സഞ്ചിം എടുത്ത്,

വേഗം വാ തള്ളെ ന്നു പറഞ്ഞു ഒരു ഓട്ടം ആയിരുന്നു റേഷന്‍ഷാപ്പിലേക്ക് ..

ആ ഓട്ടം നിന്നത് റേഷന്‍ ഷാപ്പില്‍ വീരാന്‍ എന്ന തന്റെ എതിരാളി ഞെളിഞ്ഞു നില്‍ക്കുന്നത്‌ കണ്ടപ്പോളാണ് ..
പോയത്‌ പോയി ഇനി തിരിച്ചു പോകുമ്പോ പിടിക്കാം അവനെ എന്ന് ദാസുട്ടി മനസ്സില്‍ കുറിച്ചു.
മണ്ണെണ്ണ,പഞ്ചാര,അരി ഇത്യാദി വാങ്ങി ആദ്യം പുറത്തു കടക്കാനുള്ള തന്ത്രങ്ങള്‍ക്കുള്ള ആലോചന കാടു കയറാന്‍ ദാസുട്ടി അനുവദിച്ചില്ല കാരണം ലോകത്തിലെ എല്ലാ റേഷന്‍ ഷാപ്പിലും, ബീവറേജിലും ഫസ്റ്റ് വരുന്നോനു ഫസ്റ്റ് സാധനം കിട്ടും എന്ന മൂരാച്ചി നയം ആണല്ലോ ഉള്ളത്‌..ആദ്യം സാധനം വാങ്ങാം എന്ന മോഹം ഇല്ല അപ്പൊ ഇനി അടുത്ത വഴി പോകുന്ന പൊക്കില്‍ അവനെ ഓവര്‍ ടെക്കുക എന്നത് മാത്രം ..റിസ്ക്‌ ആണെങ്ങിലും അത് നടത്തിയെ അടങ്ങു എന്ന് കുറിച്ചു ..പേപ്പറും പേനയും ഇല്ലാത്തത് കൊണ്ട് മനസ്സിലായിരുന്നു കുറിച്ചത്‌ ...അത് അപ്പോള്‍ തന്നെ ഒപ്പം ഉണ്ടായിരുന്ന അമ്മക്ക് ഫ്ലാഷ് ന്യൂസ്‌ ആയി ബ്രോഡ്കാസ്റ്റുകായും ചെയ്തു. ..

വേണ്ടടാ അവന്‍ പൊയ്ക്കോട്ടേ എന്നായിരുന്നു അമ്മയുടെ മറുപടി...

നിങ്ങള് വല്ല്യേ വാര്‍ത്താനൊന്നും പറയണ്ട അരി പിടിച്ചു വന്നാ മതി ഞാന്‍ പഞ്ചാര സഞ്ചിം, മണ്ണെണ്ണ കന്നാസും ഞാന്‍ പിടിച്ചോളാം ന്നു പറഞ്ഞു റേഷന്‍ കടയില്‍ നിന്നും ദാസുട്ടി തിരിച്ചു..

വീട്ടില്‍ പോകാനുള്ള പാട വരമ്പില്‍ എത്തിയപ്പോ ഏകദേശം ഒരു 100 മീറ്റര്‍ മുന്നില്‍ വീരാന്‍ ..

നിങ്ങള് ഒന്ന് വേഗം വരുണ്ടോ......

എന്ന് അമ്മയോട് പറഞ്ഞു ദാസുട്ടി ഒരു നീണ്ട ലാപ്പിനു തയാറായി ..പക്ഷെ ലാപ്പാന്‍ പറ്റില്ലെന്ന് മനസ്സിലാക്കാന്‍ അധിക സമയം വേണ്ടി വന്നില്ല കാരണം പാടം മുഴുവന്‍ വെള്ളവും ചെളിയും ആണ് ..കര്‍ക്കടത്തിന്റെ ഒരേ കളികളെ കാലവും എനിക്ക് എതിരോ ??

എന്നാ ഇനി ഈവനിങ്ങില്‍ ഉള്ള പുല്ലരിയലിനു അവനെ തമര്‍ത്തി കളയാം എന്ന് കരുതി അമ്മടെ(ഇപ്പൊ ഫ്ലാഷ് ന്യൂസ്‌ ഇല്ല ) കൂടെ നടന്നു .അങ്ങനെ നടക്കുമ്പോ ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടു അമ്മ പറഞ്ഞു...

അയ്യോ സമ്മതിക്കണം അവനെ ..

എന്തായിരുന്നു ആ കാഴ്ച ??????

ഏകദേശം 5 മീറ്റര്‍ നീളമുള്ള ഒരു കഴായ (ഒരു കണ്ടത്തില്‍ നിന്നും അടുത്ത കണ്ടത്തിലേക്ക് വെള്ളം പോകാനുള്ള ചാല്‍)വീരാന്‍ സിംപിളായി ചാടി അപ്പുറം കടന്ന്‍ നടന്നു പോകുന്നു..

എന്ത് സമ്മതിക്കണം ഇതൊക്കെ ഞാനും ചാടി കടക്കും ..എന്താ നിങ്ങള്‍ക്ക്‌ സംശയം
ഉണ്ടോ ..

ഉണ്ട് എന്നതിലെ ഉ മാത്രമേ പുറത്തു വന്നുള്ളൂ അതിനു മുന്‍പ്‌ ദാസുട്ടി കഴായ ചാടാന്‍ ഓടി തുടങ്ങിയിരുന്നു ..

ഓട്ടത്തിനോടുവില്‍ ഉള്ള ആ ചാട്ടം അത് അവസാനിച്ചത്‌ കഴായുടെ നടുവിലായിരുന്നു..
ബ്ലും എന്ന ശബ്ദം വേണമെങ്ങില്‍ ബാക്ക്ഗ്രൌണ്ട് സ്കോര്‍ ആക്കാം .

ഓടി വന്ന കല്യാണി കണ്ടത്‌ മണ്ണെണ്ണയും പഞ്ചസാരയും മിക്സ്‌ ആയ വെള്ളത്തില്‍ എണീക്കാന്‍ പറ്റാത്ത പോസില്‍ കെടക്കണ പോന്നുമോന്‍ ദാസുട്ടിയെ ആണ് ..

പണ്ടാറക്കാലാ ആവശ്യല്ല്യാത്ത പണിക്ക് നിക്കണ്ട വല്ല കാര്യം ഉണ്ടെടാ നിനക്ക്,ഏതു അച്ഛനെ കേട്ടിക്കനാടാ നിന്റെ ഒരു കാഴായ ചാട്ടം ,കുരുത്തം കെട്ടോന്‍..

..ഇനി പഞ്ചാര ഇടാത്ത ചായ കുടിച്ചാ മതി ന്നീയ്‌ ..രാത്രി കണ്ണ് കാണാന്‍ ഇനി എന്താ ചിയ്യാന്റെ ഭഗോതി എന്ന ആത്മഗത്തിനു..

മറുപടി ആയി ദാസുട്ടി മണ്ണെണ്ണ കലര്‍ന്ന സപ്ത വര്‍ണ്ണമുള്ള പഞ്ചാര വെള്ളത്തില്‍ അനന്ത ശയനം സ്റ്റൈലില്‍ കിടന്നു പറഞ്ഞു ..

രാവലെ വെള്ളച്ചോറു തിന്നാന്‍ സമ്മതിക്കാതിരുന്നാ ഇങ്ങനെ ഉണ്ടാകും ..
മനുഷ്യന് എനര്‍ജി വേണ്ടേ കഴായ ചാടാന്‍ ???