2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

ഒരു താര പിറവി ..

അത്യാവശ്യം ആണ്ട്രതിക്കും സംക്രതിക്കും ഒക്കെ ഓരോന്ന് ബ്ലോഗില്‍ പോസ്റ്റിയിരുന്ന ഞാന്‍ മൊത്തം ചില്ലറ, കായംകുളം അരുണ്‍, പോങ്ങാമൂടന്‍, ഏറക്കാടന്‍, കുമാരന്‍കുട്ടി, ഇവരുടെ ഒക്കെ ഒരുമാതിരി അഴകൊഴമ്പന്‍ സാധനങള്‍ വായിച്ചപ്പോ ഇനി നിലവാരം ഇത്ര കണ്ടു തകര്‍ന്ന ബൂലോകത്ത് നമ്മുടെ പോസ്റ്റ്‌ ഇടില്ലെന്നു കരുതിയതാണ് (വിശാല്‍ ബായിയെ പിന്നെ നമ്മള് മുന്നേ ക്ലോസ് ചെയ്തതാണ്) ..എന്ത് ചെയ്യാം കാലത്തിന്റെ ആവശ്യം, അനിവാര്യമായത് നടന്നേ തീരു, വരാനുള്ളത് വഴിയില്‍ തങ്ങില്ല എനൊക്കെ ഇതിനാണ് പറയുന്നത്,ഇതിനെന്നു പറഞ്ഞാ ഈ പോസ്റ്റിന്. ഒരു എഴുത്തുകാരന്റെ അനുഭവ കരുത്തില്‍ നിന്നും പൊട്ടി തെറിച്ചു വരുന്ന സര്‍ഗാത്മകതയുടെ കുത്തൊഴുക്ക്‌ ആണ് ഈ പോസ്റ്റ്‌..ബൂലോകത്തിന്റെ നിലവാരം തകര്‍ത്ത് ഇപ്പൊ ബുക്ക്‌, പ്രകാശനം എന്നൊക്കെ പറയുകയും കുടുംബത്ത് കുത്തി ഇരിന്ന്‍ പല്ലിട കുത്തുകയും ചെയ്യുന്ന ടീംസ് ഇത് വായിച്ച ആളുകള്‍ ഇടുന്ന കമന്റ്സുകള്‍ കണ്ട് ഞെട്ടി വെറക്കണം.......ഇനി എഴുതാന്‍ പോയിട്ട് മോണിറ്റരിലെക്ക് നോക്കാന്‍ പോലും അവര്‍ക്ക്‌ തോന്നരുത്‌..

എന്നാ പിന്നെ കാര്യത്തിലേക്ക് കടക്കട്ടെ (നീ കൊറേ നേരായി തൊടങ്ങീട്ട് ശവി...ഒന്നും കരുതണ്ട മുകളില്‍ പറഞ്ഞ ടീമിന്റെ ഡയലോഗാ)

അനുഭവം ആണ് കുറച്ചു പഴക്കം ഉണ്ട്.. എന്ന് പറഞ്ഞാ ഞങ്ങള്‍ ചേലക്കര പോളിടെക്നിക്കില്‍ ആദ്യ ബാച്ചായി അരങ്ങേറിയ കൊല്ലത്തില്‍ അതായത്‌ 1999 ല്‍ .അപ്പൊ ആദ്യത്തെ ബാച്ചിന്റെ ക്ലാസ് ഇന്ന് തുടങ്ങുകയാണ് .സ്വന്തം കെട്ടിടം ക്ലാസ് റൂമുകള്‍,ബഞ്ച്, ഡസ്ക്,ബോര്‍ഡ്‌, ചോക്ക്‌, ടീച്ചര്‍മാര്‍ ഒന്നും ഇല്ലാത്തത് കൊണ്ട് പൊട്ടി പാളീസായി പോയ ഒരു പ്ലാസ്റ്റിക് കമ്പനിയുടെ തല്ലി പൊളി കെട്ടിടത്തിലാണ് ക്ലാസും ഓഫീസും എല്ലാം(പിന്നെ സ്വന്തം ആയി ഉള്ളത് 150 ഓളം കുട്ടികള്‍) ..ഈ അവസ്ഥ നല്ല പോലെ അറിയാവുന്നത് കൊണ്ട് ഉദ്ഘാടനം തിരി ഉഴിച്ചില്‍ പരിപാടിക്കൊന്നും ആരും വന്നില്ല ..

ദൂരെ നിന്നും(50 കി.മി പരിധി വിട്ട്കൂട്ടിക്കൊളിന്‍) അവിടെ ചേര്‍ന്ന് ആദ്യക്ലാസ്സിന്നു മക്കള്‍ പല ടെക്നിക്കുകളും പഠിക്കാന്‍ വന്ന സ്ഥലം കാണാം എന്ന്‍ കരുതി വന്ന രക്ഷിതാക്കളില്‍ ചിലര്‍ അവിടത്തെ അവസ്ഥ കണ്ടു മക്കള്‍ക്ക് ഇനി അവരുടെ വഴി എന്ന് പറഞ്ഞു സന്തോഷ പുളകിതരായി സ്വബോധം അപ്പുറത്തെ തോട്ടില്‍ എറിഞ്ഞു കളഞ്ഞു തിരിച്ചു പോയി.. (നിങ്ങള്‍ക്ക്‌ സ്വാഭാവികമായി ഉണ്ടാകേണ്ട ഒരു സംശയം അപ്പൊ ഇന്റെര്‍വ്യൂ വിനു വന്നപ്പോ ഈ സെറ്റപ്പ് കണ്ടില്ലേ ??? മ്മടെ സര്‍ക്കാര്‍ ആരാ മോന്‍ ഇന്റെര്‍വ്യൂ അവര് തൃശുര്‍ MTI യില്‍ വച്ച് വെറുതെ നടതീതാന്നു കരുത്യോ ??? )

ചില പിതാക്കന്മാര്‍ മറ്റു വേറെ ചില തന്തമാരുമായി ചേര്‍ന്ന് എങ്ങനെ പിള്ളേരെ ഇവിടുന്നു തിരിച്ചു കൊണ്ട് പോകും, ഇവിടെ അങ്ങനെ ഇവിടെ വിടാന്‍ പറ്റില്ലല്ലോ എന്ന് ഗോള്‍ഡന്‍ ബാറില്‍ വട്ട മേശക്കും, OCR നും ചുറ്റും ഇരുന്നു ചിന്തിച്ചു..OCR ഒന്നും രണ്ടും ഒക്കെ കഴിഞ്ഞതല്ലാതെ ഉത്തരം കണ്ടെത്തിയില്ല ..കാരണം എന്തൊക്കെ പറഞ്ഞാലും പിള്ളേര്‍ ഇവിടുന്നെ ടെക്നിക്കുകള്‍ പഠിക്കൂ എന്ന് അവര്‍ നേരത്തെ മനസ്സിലാക്കിയിരുന്നു ...

കാരണങ്ങള്‍ പലതാണ് അവരുടെ നോട്ടത്തില്‍, പലതും ഉണ്ടെങ്കിലും പ്രധാനമായും അവര്‍ക്ക്‌ തോന്നിയത്‌ പറയാതെ പോയാ ശരി ആകില്ല..

അതില്‍ ചിലത് ഇതൊക്കെ ആണ്

പോളിടെക്നിക്കിന്റെ തൊട്ടടുത്ത പറമ്പില്‍ ദിവസം 4 ഷോ വീതം മ്മടെ ഷക്കു,രേഷ്മു,മറിയു ചേച്ചിമാരുടെ നിത്യ സുന്ദര കളികളും,കുളികളും നിറഞ്ഞാടുന്ന ജാനകി റാം തിയേറ്റര്‍, ഉച്ചക്ക് ക്ലസ്സിലോക്കെ ഒരു ബോര്‍ അടിയും ഇല്ലാതെ ഇരിക്കാം ഉറക്കം വരില്ല തിയേറ്ററില്‍ നിന്നും ചേച്ചിമാര്‍ മൂളി മൂളി നമ്മളെ ക്ലാസ്സില്‍ ഉറക്കാന്‍ വിടില്ല തന്മൂലം രാത്രികളും നിദ്രാവിഹീനങ്ങലല്ലോ..

പോരാത്തതിന് മുന്നില്‍ കിഴക്ക്‌ ഹൈസ്കൂള്‍ വിത്ത്‌ പ്ലസ്‌ടു, തെക്ക്‌പാരലല്‍ കോളേജ്‌, വടക്ക്‌ 5 മിനുറ്റ് നടഅടി ദൂരത്തില്‍ (അങ്ങോട്ട്‌പോകുമ്പോഴ്ത്തെ കാര്യം ആണെ) ദൂരത്തില്‍ ഗോള്‍ഡന്‍ ബാര്‍, പിന്നില്‍ പടിഞ്ഞാറ് വിശാലമായ വാള്വക്കാനും പാകത്തില് പാടങ്ങള്‍.കൂടാതെ അപ്പുറം മാറി കോണ്‍വെന്റ് സ്കൂള്‍,പോരാത്തതിന് പെണ്ണുങ്ങള് മാത്രം പഠിക്കണ കോളേജ്‌ .ഇതാണ് പോളിയുടെ ഏകദേശ വാസ്തു ശാസ്ത്രം എല്ലാം കിറുക്രിത്യം...കാണിപയ്യൂര്‍ അളന്നു വച്ചത് പോലെ ..

ഇതിനൊക്കെ പുറമേ നമ്മളെ തിരിച്ച് അറിയുന്ന ഒരു പുല്ലു പോലും ആ ഏരിയയില്‍ ഇല്ല. ഇതൊക്കെ പോട്ടെ ടീച്ചേഴ്സ്‌ ഇല്ല, സീനിയേഴ്സ് ഇല്ല, ക്ലാസ്‌ പോയിട്ട് ക്ലാസ്സ്‌ റൂം പോലും ഇല്ല .ഈ സെറ്റപ്പ് വിട്ട് ആരെങ്കിലും വേറെ എവിടെയെന്ന്ഗിലും പോകുമോ ??? ഇല്ല ഇല്ല ഇല്ല എന്ന് തന്തമാരുടെ മനസ്സിലും പിള്ളാരുടെ മനസ്സിലും ഡോള്‍ബി സൌണ്ടില്‍ അലയടിച്ചു ..

അങ്ങനെ ആദ്യ PTA കമ്മിറ്റി ഒരു തീരുമാനം അവിടെ ഗോള്‍ഡന്‍ ബാറില്‍ വച്ച് എടുത്തു..ഇനി എല്ലാം പിള്ളാരുടെയും നമ്മടെയും തലേലെഴുത്ത്....നമുക്ക്‌ ഒന്നും ചെയ്യാന്‍ ഇല്ല..ഇനി എല്ലാം വരണോടത്ത് വച്ച് കാണാം.ഈ സീറ്റുകള്‍ ഇനി തങ്ങളുടെ മക്കള്‍ക്ക് 3 കൊല്ലത്തേക്ക് സ്വന്തം എന്നു മനസ്സില്‍ കരുതി യോഗം പിരിച്ചു വിട്ട് അവര്‍ പുറത്തിറങ്ങി...


ഈ കുഞ്ഞി പോളിയിലെ ക്ലാസ്സ്‌ തുടങ്ങിയ ആദ്യ ദിവസം മുതല്‍ അവസാന വര്‍ഷ ക്ലാസ്സ്‌ കഴിയുന്ന ദിവസം വരെ താരം ആയി വിലസിയിരുന്നത് ആര് എന്ന ചോദ്യത്തിന് ഞാന്‍ എന്ന് ഉത്തരം ആരും പറയില്ല കാരണം നമ്മളൊക്കെ എന്ത് അവന്റെ മുന്നില്‍ അത് ആര് എന്നതിനു ഒരേ ഒരു ഉത്തരമേ ഉള്ളു അതിങ്ങനെ ആണ് ആരു പറഞ്ഞാലും ആകുക ..

റോയി .....
റോയി .....

എങ്ങനെ അവന്‍ താരം ആയി അതും ആദ്യ ദിവസം തന്നെ എന്നത് ഇത് മുഴുവന്‍ വായിക്കുമ്പോ മനസിലാകും (പകുതി വായിച്ചിട്ട്പോകാന്‍ ഉള്ള പരിപാടി പോക്കറ്റില്‍ വച്ചാ മതി)ആദ്യ ദിവസത്തെ പ്രിന്‍സിപ്പാള്‍ സാറിന്റെ ഡയലോഗ് അടി 5 മിനുറ്റ് കൊണ്ട് കഴിഞ്ഞു പറയാന്‍ അധികം ഒന്നും ഇല്ലല്ലോ ..പിന്നെ ദൂരെ നിന്നും വന്നവര്‍ താമസ സൗകര്യം അന്യോഷിച്ചുള്ള ഓട്ടം ആയിരുന്നു അധികം കുട്ടികളും ദൂരെ ഉള്ളവരായിരുന്നു (അടുത്തുള്ളവര്‍ക്ക് അവസ്ഥ അറിയാമല്ലോ) പെണ്‍പിള്ളാരെ അപ്പുറത്തെ കോണ്‍വെന്റ് ഹോസ്റ്റലില്‍ ആക്കാനുള്ള കാര്യങ്ങള്‍ ശരി ആയിരുന്നത് കൊണ്ട്ട് ലോക്കല്സ് ആയി വിലസിയിരുന്ന ഞങ്ങള്‍ക്ക്‌ അവര്‍ക്ക്‌ വീട് കണ്ടു പിടിച്ചു കൊടുക്കുന്ന റിസ്ക്‌ ഒഴിവായി, എന്ത് ചെയ്യാം.. പിന്നെ സംഘാടനം ആണായി പിറന്നവര്‍ക്ക് വേണ്ടി ആയിരുന്നു .അങ്ങന ഏറണാകുളം ചെറായി വയ്പിന്‍ ഭാഗത്ത്‌ നിന്നും വന്ന്‍ സംഗടിത ഗ്രൂപ്പ്‌ ആയി നിന്നവര്‍ക്ക് വേണ്ടി വെങ്ങനെല്ലുരില്‍ ഒരു വീട് ശരിയാക്കി അത്‌ പോയി കണ്ട തന്ത തള്ളമാര്‍ക്ക് വീട് ഇഷ്ട്ടമായി.. ആ ടീമില്‍ ഉണ്ടായിരുന്ന ഒരു അംഗമാണ് നമ്മുടെ റോയി ...


അങ്ങനെ എല്ലാവരും പായും തലയിണയും കോട്ട വട്ടി ബക്കറ്റ് തുടങ്ങി സാധനങ്ങള്‍ എല്ലാം വീട്ടില്‍ നിന്ന് കൊണ്ടു വന്നതും അവിടെ നിന്നും വാങ്ങിയതും ഒക്കെ ആയി വീട്ടിലേക്ക്‌ പോകാന്‍ നില്‍ക്കുകയാണ്. സാധങ്ങള്‍ വാങ്ങാന്‍, വീട് ശരി ആക്കാന്‍ എല്ലാം റോയി ഓടി നടക്കുകയാണ്.അവര്‍ എല്ലാവരും കൂടി 2 ഓട്ടോറിക്ഷകളില്‍ ആയി കയറി ..കയറി എന്നല്ല റോയി അവരെ തിക്കി തിരക്കി കയറ്റി എന്ന് പറയുന്നതാണ് ശരി ..അവസാനം റോയിക്ക് കയറാന്‍ ഗ്യാപ്പില്ല ..ഒരു ചന്തി വക്കാന്‍ സ്ഥലം പോലും ഇല്ലാതെ ഡ്രൈവര്‍ സീറ്റ് പോലും ഫില്‍ ആണ് .. കൂട്ടത്തിലുള്ള ഒരപ്പന്‍ പറഞ്ഞു റോയി ഇവിടെ എങ്ങനേലും അഡ്ജസ്റ്റ്‌ ചെയ്യാം

റോയി:- അത്കൊഴപ്പം ഇല്ല, നിങ്ങള് വിട്ടോ ഞാന്‍ വന്നോളാം ഇവിടെ അടുത്ത് അല്ലെ ഞാന്‍ വന്നോളാം..

അങ്ങനെ റോയി സ്വന്തം അപ്പനെ അടക്കം എല്ലാരേയും ഓട്ടോയില്‍ കയറ്റി വിട്ടു.

വണ്ടിയില്‍ വച്ച് റോയിയെ കയറ്റാതെ വന്നത് ശരി ആയില്ല എന്ന അഭിപ്രായം അടങ്ങിയ പ്രമേയം ഏകകണ്ഠമായി പാസ്സാക്കി ..കൂടാതെ റോയി നല്ല പോലെ ഇതിനൊക്കെ വേണ്ടി കഷ്ട്ടപെട്ടെന്നും ഒരു അനുബന്ധ കുറിപ്പ് കൂടി ഒപ്പം ചേര്‍ത്തു. ഇതൊക്കെ കേട്ടിരുന്ന റോയിടെ അപ്പന്‍ വണ്ടിയില്‍ വച്ച് തന്നെ പൂത്തുലഞ്ഞു...

2 ഓട്ടോ ഫുള്‍ ലോഡില്‍ വീടിനു മുന്നില്‍ നിറുത്തി ലോഡ്‌ ഇറക്കി. . പണം കൊടുത്ത്‌ പായും സാമാനങ്ങളുമായി നില്ക്കുമ്പോ ..വേറെ ഒരു ഓട്ടോ വന്നു അവക്ക് മുന്നില്‍ ബ്രേക്ക്‌ ഇട്ടു നിന്നു..അതില്‍ കൈ രണ്ടു വശത്തേക്കും നിവര്‍ത്തി കാല് നിവര്‍ത്തി വച്ച് ഇരുന്ന റോയി സ്ലോമോഷനില്‍ പുറത്തിറങ്ങി പാന്റിന്റെ പോക്കറ്റില്‍ നിന്നും പേഴ്സ് എടുത്ത് ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഇട്ടിട്ടു സ്പെഷ്യല്‍ ചിരിയോടെ പറഞ്ഞു..

അപ്പാ ഓട്ടോയുടെ പൈസ കൊടുക്ക്‌.. .

സ്തബ്ധരായി നില്‍ക്കുന്ന എല്ലാവരും അപ്പോഴാണ്‌ റോയി തന്നെ താരം എന്ന് മനസ്സില്‍ കുറിച്ചതും കിരീട ധാരണം നടത്തിയതും .......


ഇപ്പൊ ഇത വായിച്ച നിങ്ങള്‍ക്കും മനസ്സിലായില്ലേ ഇവന്‍ ആളൊരു പുലി തന്നെ എന്ന്പിന്നീടങ്ങോട്ട് എത്ര എത്ര റോയി കഥകള്‍ ..സമയം കിട്ടുമ്പോ ഇനിയും വരാം ...
2011, ഫെബ്രുവരി 9, ബുധനാഴ്‌ച

ഒരു കലാകാരാന്റെ പോരാട്ടം ..(ഒന്നാം ഭാഗം)

ബൂര്‍ഷ, സ്വജനപക്ഷപാതം കൊണ്ടു നടന്നിരുന്ന ഒരു കൂട്ടം അധ്യാപകരുടെ വൃത്തികേട്ട കളിക്ക് ഇരയായി കലാജീവിതം യു പി സ്കൂളില്‍ വച്ച് തന്നെ അവസാനിപ്പിക്കേണ്ടി വന്ന ഒരു വിദ്യാര്‍ഥിയുടെ,
ആ വിദ്യാര്‍ഥി സ്കൂളില്‍ വച്ച് അനുഭവിച്ച കയ്പ് നിറഞ്ഞ അനുഭവങ്ങളുടെ ഒരു നേര്‍ കാഴ്ച ഇതാണ് ഞാന്‍ ഇവിടെ ഈ പോസ്റ്റില്‍ പറയുന്നത്.

വായിച്ചു കഴിഞ്ഞു ആരും സഹതപിക്കരുത് കാരണം ഇതിലെ നായകനായ കലാകാരനായ രാജുവിന് സഹതാപം ഇഷ്ട്ടമല്ല...

സംഭവം നടക്കുമ്പോ നായകനായ നമ്മുടെ രാജു ആറാം ക്ലാസില്‍ പഠിക്കുന്നു. പിള്ളാരുടെ ഇടയില്‍ മോശമില്ലാത്ത ഒരു നിലയും വേലയും ഉള്ള ഇവന്‍റെ മനസ്സിലെ വിചാരം ഇവന്‍ തന്നെ സ്കൂളിലെ ഉഗ്രന്‍ എന്നാണ് .. .
അങ്ങനെ വലിയ കേസ്‌ കേട്ടോന്നും ഇല്ലാതെ സ്കൂളും സാധാരണ പോലെ മുന്നോട്ട് പോകുമ്പോഴാണ് ഉപജില്ലാ കലോല്‍സവം ഇടിച്ചു കയറി വരുന്നത്. സാധാരണ ഇത്തരം കാര്യങ്ങള്‍ അവിടെ കുട്ടികള്‍ ആരും അറിയാറില്ല ..ആരും അതിലൊന്നും പോയി പങ്ങേടുക്കാറും ഇല്ല അതവിടെ നടന്നോട്ടെ നമ്മളായിട്ടെന്തിനാ വെറുതെ അവിടെ പോയി തെരക്ക് കൂട്ടണത് എന്ന വളരെ നല്ല മനോഭാവം ആയിരുന്നു ടീച്ചര്‍മാര്‍ക്കും ഉണ്ടായിരുന്നത് ..പക്ഷെ ഇത്തവണ അതിനൊരു മാറ്റം വേണം എന്ന് അവര്‍ക്ക്‌ തോന്നാന്‍ എന്ത് കാരണം??.അത് അറിയില്ല..

എന്തായാലും അങ്ങനെ അവര്‍ തീരുമാനിച്ചതോടെ അതിനു കളമോരുങ്ങി. എന്തിനു എന്ന് ചോദിച്ചാല്‍ ധീരനായ ഒരു പ്രതിഭാധനനായ കലാകാരനെ വെട്ടി നിരത്താന്‍ ഉള്ള നീക്കത്തിനു എന്ന് പറയേണ്ടി വരും..

എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പറയാന്‍ പോകുന്നത്

ഉപജില്ലാ കലോല്‍സവം നടക്കുനത് കാരണം അടുത്ത ആഴ്ച രണ്ടു ദിവസം സ്കൂളില്ല എന്ന വളരെ ആനന്ദകരമായ അറിയിപ്പിനോപ്പം ആണ് സംഭവത്തിന്‌ കര്‍ട്ടന്‍ ഉയരുന്നത്. എല്ലാവര്ക്കും സന്തോഷമായി ഇരിക്കുമ്പോ പിന്നിട് ടീച്ചര്‍ പറഞ്ഞത് ഇതാണ് ഇത്തവണ നമ്മുടെ സ്കൂളില്‍ നിന്നും ഉപജില്ലയിലെക്ക് കഥാപ്രസംഗത്തിന് മത്സരിക്കാന്‍ പോകുന്നുണ്ട് ..

എന്ത് നമ്മടെ സ്കൂളിന്നോ ??? ആര്?? എന്ന ചോദ്യം എല്ലാവരുടെയും കണ്ണിലും, ഫേസിലും വരികയും,

അത് നീയാണോ എന്ന രീതിയില്‍ പരസ്പരം നോക്കുകയും.. അല്ല ഇനി ഞാനവുമോ എന്ന് സ്വയം നോക്കുകയും ഉണ്ടായി ഓരോരുത്തരും ..അല്ല നമ്മളില്‍ ആരെയെങ്കിലും നമ്മളറിയാതെ സെലക്റ്റ്‌ ചെയ്തോ എന്ന സ്വാഭാവികമായ സംശയത്തിന്റെ ബഹിര്‍സ്ഫുരണം ..

അപ്പോളാണ് ടീച്ചര്‍ അത് പറഞ്ഞത്‌ നമ്മടെ വിശാലാക്ഷി ടീച്ചരുടെ മകള്‍ ഇല്ലേ ലത അവളാണ് നമ്മടെ സ്കൂളില്‍ നിന്ന് പോണത്‌ ...

എന്ത് ലാവളോ.5 ആം ക്ലാസിലെ ല അവളോ???

പാടത്ത്‌ കാക്കറിക്ക് കണ്ണ് കെട്ടാതിരിക്കാന്‍ വച്ചത് പോലുള്ള ലവള്‍........ ഉം നന്നാവും എന്ന് ക്ലാസിലെ എല്ലാവരും യെസ് വച്ച്..

സ്വാഭാവികമായും ഉടലെടുത്ത ഒന്ന് രണ്ടു സംശയങ്ങള്‍ പറയാം പ്രധാനമായത്‌ അവള്‍ സ്റ്റേജില്‍ നില്ക്കുമ്പോ അവളെ സ്റ്റേജിനു പുറത്ത്‌ ഇരിക്കണോര്‍ക്ക് കാണാന്‍ പറ്റുമോ എന്നായിരുന്നു ഇതില്‍ പ്രധാനം..അത്രക്ക്മുടിഞ്ഞ കറുത്ത ഗ്ളാമര്‍ ആയിരുന്നെന്നെ അവള്‍ക്ക് ....

ഇവളെപ്പൊ കഥാപ്രസംഗം പഠിച്ചു എന്ന വേറെ സംശയം ...ചിലര്‍ക്ക്....

എന്തായാലും സ്കൂളിന്നു ഒരു പരിപാടിക്ക് കൊണ്ടു പോകുമ്പോ കാണാന്‍ ഗുമ്മുള്ള ആരെയെങ്കിലും കൊണ്ടു പോയാ എന്താ എന്ന ഗ്ലാമര്‍ അധിഷ്ട്ടിതമായ വേറെ സംശയം..

സംശയങ്ങള്‍ പലതും ഉണ്ടയെങ്ങിലും പുറത്തേക്കു വന്നില്ല ടീച്ചറുടെ മോളല്ലേ മിണ്ടണ്ട ..വെറുതെ എന്തിനാ നമ്മള് ...... പിന്നെ പോരാത്തതിന് രണ്ടു ദിവസം ക്ളാസും ഇല്ല ..

ആരും ഒന്നും മിണ്ടിയില്ല ..

പക്ഷെ നമ്മടെ രാജുവിനു മിണ്ടാതിരിക്കാന്‍ പറ്റോ

ഇല്ല പറ്റില്ല

കാരണം ഈ രാജു കഥയിലെ നായകനും പോരാത്തതിന് ആപ്പൊ ഇന്‍സ്റ്റന്റ് ആയിട്ട് സ്വയം കലാകാരനും ആയവനാകുന്നു..

കലാകാരന്മാര്‍ കല്ലും മുള്ളും നിറഞ്ഞ വഴികള്‍ താണ്ടി വന്നവരാണ്,

വിപ്ലവ ചിന്താഗതിഉള്ളവനാണ് യഥാര്‍ത്ഥ കലാകാരന്‍ ..

ഈ വിധ സൂക്തങ്ങള്‍ മുന്‍പ്‌ ആരൊക്കെയോ പറഞ്ഞതും അവഗണിക്കാന്‍ അകാത്തത് ആയതു കൊണ്ടും തന്നെ നിശബ്ദമായ കുശു കുശുപ്പുകളെ അവഗണിച്ച അവന്‍ ചാടി എണീറ്റ് ഒറ്റ ചോദ്യമാണ് ..

സ്കൂളിന്റെ 4 ദിഗംധങ്ങളും വിറച്ച ആ ചരിത്ര ചോദ്യം ഇങ്ങനെ ആയിരുന്നു
എങ്ങനെ? എന്ത് അടിസ്ഥാനത്തില്‍ ആണ് ടീചര്‍ ഇവളെ കഥാപ്രസംഗത്തിന് കൊണ്ടു പോകുന്നത് ..

ശ് ശ് ശ് ശ് ശ് .....നിശബ്ദം.....

ക്ലാസ്സിലെ കുട്ടികള്‍ ശ്വസം കിട്ടാതെ തരിച്ചു..ടീച്ചര്‍ മിഴിച്ചു നിന്നു..സര്‍വ്വം അതായത്‌ ലോകം തന്നെ നിശ്ച്ചലം ..

2 നിമിഷത്തെ നിശബ്ധക്ക് ശേഷം അത്ര നേരത്തെ പെന്റിംഗ് ആയ ശ്വാസം ഒറ്റ വലിക്ക് എടുത്ത്‌ നോര്‍മലായ ടീച്ചര്‍, ബോധം തിരിച്ച് കിട്ടിയ ടീച്ചര്‍

രാജുവിനോ ട് ചോദിച്ചു.....

അതിനിപ്പോ എന്താ പ്രശ്നം ന്റെ കുട്ട്യെ........

(ഇപ്പോഴും സഹപാഠികള്‍ ആരാധയോടെ നമ്മടെ രാജുവിന്റെ ധീരമായ ഫേസിലേക്ക് തന്നെ നോക്കി ...ശിലപോലെ എന്ന് സാഹിത്യത്തില്‍ പറയുന്ന പോലുള്ള ഇരിപ്പാണ്....)

അങ്ങെനെ മത്സരം നടത്താതെ തോന്നിയോരെ ഒക്കെ കൊണ്ടു പോയാ എങ്ങെനെ ശരി ആവാനാ ... രാജുവിന്റെ മറു ചോദ്യം

ഗുരുതരമായ അച്ചടക്ക ലംഘനം ആയിരുന്നെങ്കിലും....

ആ ആ അത് അവന്‍ പറഞ്ഞത്‌ ശര്യാട്ടോ..ആ അതന്നെ ...

എന്നൊക്കെയുള്ള ക്ലാസ്സിലെ കടലാസുപുലികളുടെ കുശുകുശുപ്പും കൂടി ടീച്ചറുടെ മറു ചോദ്യത്തിനു തടയിട്ടു .

ശരി നീയെ ഇന്റര്‍ ബെല്ലിനു ഓഫീസിലിക്ക് വാ നമുക്ക് അപ്പൊ ആലോചിക്കാം ഇത് എന്ന് പറഞ്ഞു ടീച്ചര്‍ ആ അദ്ധ്യായം അവിടെ അവസാനിപ്പിച്ചു ...

പുസ്തകം തുറന്ന്‍ സയന്‍സിലെ പാഠം 5 എടുക്കാന്‍ പറഞ്ഞ ടീച്ചറുടെ ആ ഡയലോഗ് ഡെലിവറി കൂടി നടന്നതോടെ അതുവരെ ആരാധനയോടെ ഉണ്ടായിരുന്ന നോട്ടങ്ങള്‍ പെട്ടന്ന് തന്നെ സഹതാപതോടും കഷടതോടും കൂടിയ നോട്ടങ്ങള്‍ ആയി മാറി..

അയ്യോ കഷ്ട്ടം ട്ടോ എന്ന പറച്ചില്‍ പോരാത്തതിന് കോറസ് ആയി,
അതും പെണ്ണുങ്ങള് ഇരിക്കുന്ന ഭാഗത്ത്‌ നിന്നും...

ഇവന്റെ ആപ്പീസ് ഇന്ന് പൂട്ടും എന്ന അസൂയ മൂത്ത വില്ലന്സിന്റെ സന്തോഷ സൂചക മായ ശബ്ദങ്ങള്‍...

പക്ഷേ നമ്മുടെ രാജുവിന് ഉണ്ടോ കുലുക്കം ..നമ്മള് ഇതും ഇതിനപ്പുറോം കണ്ടോനാ പിന്നല്ലേ ഇത് എന്ന പുച്ഛം മുഖത്ത് പരമാവധി വരുത്തി ഈശ്വരാ പുലിവാലോന്നും വരുത്തല്ലേ എന്ന് അറിയാവുന്ന എല്ലാ ഈശ്വരന്‍ മാരോടും പറഞ്ഞു. ഇനി ഇതിന്റെ വഴിപാടിനു എത്ര പൈസവേണ്ടി വരും എന്ന് കണക്ക് കൂട്ടി ആ ബെല്ലിനു കാതോര്‍ത് അവര്‍ ഇരുന്നു ..

ബെല്‍ അടിച്ചു ടീച്ചര്‍ ഒരു പന്തി അല്ലാത്ത നോട്ടം നോക്കി ക്ലാസ്‌ വിട്ടു

നിമിഷ നേരത്തിനുള്ളില്‍ നമ്മുടെ നായകന്‍ രാജു വിനു ചുറ്റും ഒരു പൂരത്തിനുള്ള പിള്ളേര് വളഞ്ഞു ..

അഭിനന്ദനങ്ങള്‍, ഓഫീസില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍, പോരാത്തതിന് വേണ്ടായിരുന്നു എന്ന വിമതരുടെ ശബ്ദം..

എല്ലാം കേട്ട് ..ഓ കെ അപ്പൊ ഇനി പോയി വന്നിട്ട് കാണാം എന്നു പറഞ്ഞു നായകന്‍ സ്ലോ മോഷന്‍ മനസ്സില്‍ വരുത്തി ഒട്ടും സ്ലോ അല്ലാതെ ഓഫീസ്‌ റൂമിലേക്ക്‌ ഒരു നടത്തം ..പുറകില്‍ 40 കുട്ടികളുടെ 80 ഓളം വരുന്ന കണ്ണുകളും
(തുടരും)